പമ്പ, ഇടമലയാര്‍ അണക്കെട്ട് തുറന്നു, ജാഗ്രത പാലിക്കണം

പത്തനംതിട്ട: പമ്പ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്‌സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാല്‍ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററില്‍ അധികം ഉയരാതെ നിലനിര്‍ത്താനാണ് ശ്രമം. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പയില്‍ ജലവനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ ഭക്തര്‍ക്ക് ദര്‍ശനാനുമതിയില്ല.

കൂടാതെ, ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറണ്‍ മുഴക്കിയ ശേഷമാണ് അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്.

അധികൃതര്‍ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. പുഴയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കില്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. 80 സെന്റിമീറ്റര്‍ വരെ വെള്ളം തുറന്നുവിടാനാണ് ആലോചന. എന്നാല്‍ ഇപ്പോള്‍ അധികമായി വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അപകടകരമായ നിലയല്ല ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളില്‍ വെള്ളം കയറാതിരിക്കാന്‍ പരമാവധി മുന്‍കരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.

Top