തൃശൂരിൽ പൊലീസിനെയും നിയമം പഠിപ്പിച്ച് കലക്ടർ അനുപമയുടെ ഹീറോയിസം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ വാഹനക്കുരുക്കില്‍ കുടുങ്ങിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ടിവി അനുപമ ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍ പ്ലാസ ജീവനക്കാരെയും പൊലീസിനേയും രൂക്ഷമായി ശാസിച്ച ജില്ലാ കലക്ടര്‍ ടോള്‍ ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് ജില്ലാ കലക്ടര്‍മാരുടെ യോഗം കഴിഞ്ഞ് വരികയായിരുന്നു അനുപമ. ഈ സമയം ടോള്‍ പ്ലാസയ്ക്ക് ഇരു വശത്തും ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. ദേശീയ പാതയിലെ വാഹനത്തിരക്കില്‍പ്പെട്ട കലക്ടര്‍ 15 മിനുട്ട് കാത്തു നിന്ന ശേഷമാണ് ടോള്‍ ബൂത്തിന് മുന്നിലെത്തിയത്.

ടോള്‍ പ്ലാസ സെന്ററിനുള്ള കാര്‍ നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ ബൂത്ത് തുറന്നു കൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അര മണിക്കൂറോളം ടോള്‍ പ്ലാസയില്‍ നിന്ന കലക്ടര്‍ ഗതാഗത കുരുക്ക് പൂര്‍ണമായും പരിഹരിച്ച ശേഷമാണ് തൃശൂരിലേക്ക് തിരികെപോയത്.

Top