Paliyekkara issue; DYSP was follow the vehicle which has no Number

തൃശൂര്‍ : സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ വീഡിയോയും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ചാലക്കുടി ഡി.വൈ.എസ്.പി കെ.കെ. രവീന്ദ്രന്‍ തൃശൂര്‍ റൂറല്‍ എസ്.പി ക്ക് പരാതി നല്‍കി.

പാലിയേക്കര ടോള്‍പ്ലാസയുടെ ആളായി ചിത്രീകരിച്ചും കൈക്കൂലിക്കാരനാണെന്ന് ആക്ഷേപിച്ചും മനഃപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പാലക്കാട് കല്ലുവഴി മേലെ വടക്കേമഠം ഹരിറാമിനെതിരെയും ഈ പ്രചരണമേറ്റെടുത്ത് തെറ്റായ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് പരാതി.

ടോള്‍ പാതക്ക് പകരം സര്‍വ്വീസ് റോഡ് ഉപയോഗിച്ച കാര്‍ യാത്രികനെ ഡി.വൈ.എസ്.പി തടയുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്‌തെന്ന തരത്തിലായിരുന്നു ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എഡിറ്റ് ചെയ്ത ഭാഗം മാത്രം പോസ്റ്റ് ചെയ്യുകയായിരുന്നുവത്രെ.

പാലിയേക്കര ടോള്‍ പ്ലാസ്സയുടെ ‘കൊള്ള’ ക്കെതിരെ വ്യാപകമായ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ ഉള്ളതിനാല്‍ ഈ ദൃശ്യം വൈറലാവാന്‍ അധികം താമസം വേണ്ടിവന്നിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ നമ്പര്‍ പ്ലെയിറ്റ് ഇല്ലാതെ ടോള്‍ പ്ലാസ്സ ഭാഗത്തേക്ക് വന്നിരുന്ന വൈറ്റ് ഒമ്‌നി വാഹനത്തെ അതുവഴി സഞ്ചരിച്ച ഡി.വൈ.എസ്.പി യുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പിന്‍തുടരുകയായിരുന്നു എന്നാണ് അറിയുന്നത്.

ടോള്‍ പ്ലാസ്സക്ക് സമാന്തരമായ ചെറിയ റോഡിലേക്ക് പ്രവേശിച്ച ഈ വാഹനത്തെ പിന്‍തുടര്‍ന്ന പൊലീസ് വാഹനത്തെ കണ്ടിട്ടും മൈക്രോ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹരിറാം കാറൊതുക്കാതിരുന്നതാണ് ഡി.വൈ.എസ്.പി യുമായി തര്‍ക്കത്തില്‍ കലാശിക്കാന്‍ കാരണമത്രെ. ഇതിനൊടുവിലാണ് വാഹനത്തിന്റെ രേഖകള്‍ കാണിക്കാന്‍ ഡി.വൈ.എസ്.പി ആവശ്യപ്പെട്ടത്.

ആര്‍.സി ബുക്കും ലൈസന്‍സും കാണിക്കാന്‍ ആദ്യം വിസമ്മതിക്കുകയും തര്‍ക്കിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിയമം പറയുന്ന താന്‍ മെയിന്‍ റോഡിലൂടെ പോവുന്ന കാര്യം ഡി.വൈ.എസ്.പി ചോദിച്ചതെന്നാണ് ദൃക്‌സാക്ഷികളും പറയുന്നത്.

ആര്‍.സി ബുക്കും ലൈസന്‍സും പരിശോധിച്ചശേഷം അവ അപ്പോള്‍ തന്നെ തിരിച്ച് നല്‍കിയിരുന്നതായി പൊലീസും വ്യക്തമാക്കി.

എന്നാല്‍ പുറത്ത് പ്രചരിക്കുന്ന വീഡിയോയില്‍ വാഹനത്തിന്റെ രേഖകള്‍ ഡി.വൈ.എസ്.പി വാങ്ങുന്നത് മാത്രമാണ് എഡിറ്റ് ചെയ്ത് ഇട്ടിട്ടുള്ളത്.

മാര്‍ഗ തടസ്സം സൃഷ്ടിച്ച വ്യക്തിയോട് വാഹനത്തിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ നിയമം പറഞ്ഞ് തര്‍ക്കിച്ചതിനാലാണ് ടോള്‍ പ്ലാസക്ക് സമാന്തരമായ പാതയില്‍കൂടി സഞ്ചാരിച്ചതിന്റെ അനൗചിത്യം ഡിവൈഎസ്പി ചൂണ്ടിക്കാണിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്.

രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന.

ഡി.വൈ.എസ്.പി ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്.പി യോട് ഡി.ജി.പി ഇത് സംബന്ധമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

Top