പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍

gaza

ഗാസ: ഗാസ അതിര്‍ത്തിയിലെ പലസ്തീന്‍ പ്രക്ഷോഭം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ സേനയുടെ വെടിയേറ്റു മരിക്കാനിടയായ സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍. പലസ്തീന്‍ മാധ്യമമായ എയ്ന്‍ മീഡിയയുടെ ക്യാമറാമാന്‍ യാസര്‍ മുര്‍ത്താജയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ഇയാളുള്‍പ്പെടെ ഒന്‍പതു പലസ്തീന്‍കാര്‍ക്കാണു വെള്ളിയാഴ്ച ജീവന്‍ നഷ്ടപ്പെട്ടത്.

വെടിവയ്പിനു കാരണമെന്താണെന്നും, എങ്ങനെയാണ് വെടിയേറ്റതെന്നും ഇതിനു പിന്നിലെ സാഹചര്യങ്ങളും പരിശോധിക്കുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. അതേസമയം, ഇസ്രയേല്‍ സൈന്യത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഇതിനു ശേഷം മാത്രമെ പറയാനാകൂവെന്നും ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു.

വെള്ളിയാഴ്ച വെടിയേറ്റ യാസര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഘര്‍ഷം ചിത്രീകരിക്കുന്ന സമയത്ത്, മാധ്യമപ്രവര്‍ത്തകനാണെന്നു വ്യക്തമാക്കുന്ന ‘പ്രസ്’ എന്ന വാക്ക് യാസറിന്റെ വസ്ത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പലസ്തീന്റെ ആരോപണം.

അതേസമയം, യാസര്‍ കാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചെന്നാണ് ഇസ്രേലി റേഡിയോയുടെ ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്ന് യാസറിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ അബു അമ്ര പറഞ്ഞിരുന്നു.

Top