ഇന്ത്യ വിറപ്പിച്ചു, തീവ്രവാദിക്കൊപ്പം വേദി പങ്കിട്ട നയതന്ത്രപ്രതിനിധിയെ ഓടിച്ച് പലസ്തീൻ

ഇസ്‌ലാമാബാദ് : കൊടും ഭീകരന്‍ ഹാഫിസ് സയീദിനൊപ്പം പാക്കിസ്ഥാനിലെ പലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തില്‍ പലസ്തീന്‍ ഖേദം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ സ്ഥാനപതിയായ വാലിദ് അബു അലിയെ പലസ്തീന്‍ തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിതരായി.

ഇസ്രയേല്‍ വിഷയത്തില്‍ പലസ്തീന് അനുകൂലമായ നിലപാട് സ്വീകരിച്ച ഇന്ത്യയെ പ്രകോപിപ്പിക്കുന്നതായിരുന്നു പലസ്തീന്‍ പ്രതിനിധിയുടെ നടപടി. ഇങ്ങിനെപോയാല്‍ പലസ്തീനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. തുടര്‍ന്നായിരുന്നു പാലസ്തീന്‍ ഖേദം പ്രകടിപ്പിച്ചതും നയതന്ത്രപ്രതിനിധിയെ തിരിച്ച് വിളിച്ചതും.

ഇന്ത്യയുമായുള്ള ബന്ധം എക്കാലത്തും വിലപ്പെട്ടതാണെന്നും പലസ്തീന്‍ വ്യക്തമാക്കി.

‘സംഭവത്തില്‍ പലസ്തീന്‍ കടുത്ത ഖേദമാണ് പ്രകടിപ്പിച്ചത്. മാത്രമല്ല ചടങ്ങില്‍ പലസ്തീന്‍ സ്ഥാനപതിയുടെ സാന്നിധ്യം എങ്ങനെയുണ്ടായി എന്നതിനെകുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പലസ്തീന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്’ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ വെച്ചാണ് ഹാഫീസ് സയീദിനൊപ്പം പാക്കിസ്ഥാനിലെ പലസ്തീന്‍ പ്രതിനിധി വാലിദ് അബു അലി വേദി പങ്കിട്ടത്.

ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാര്‍ട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാന്‍. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ദിഫ ഇ പാക്കിസ്ഥാന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള റാലിയിലാണ് അംബാസിഡര്‍ പങ്കെടുത്തത്.

ഇസ്രയേല്‍ തലസ്ഥാനം ജറുസലമിലേക്കു മാറ്റുന്നതിന്റെ പ്രതിഷേധമായി ഇസ്‌ലാമിക് ഉച്ചകോടി സംഘടിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഷാഹിദ് ഖാക്വന്‍ അബ്ബാസിയില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണു റാലി സംഘടിപ്പിച്ചത്.

Top