പലസ്തീന്റെ പോരാട്ടം സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി; എംഎം ഹസ്സന്‍

കോഴിക്കോട്: ഹമാസിനെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നവര്‍ ചരിത്രം അറിയാത്തവരാണെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. ഹമാസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് എം.എം ഹസ്സന്‍ പറഞ്ഞു. പലസ്തീന്റെ പോരാട്ടം സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഗാസയില്‍ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടല്‍ ആരും കാണുന്നില്ല എന്നും എംഎം ഹസ്സന്‍ കോഴിക്കോട്ട് പറഞ്ഞു.

സ്വന്തം മണ്ണിന് വേണ്ടിയാണ് പലസ്തീനികള്‍ പോരാടുന്നത്. ഇക്കാര്യം യാസര്‍ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്. 2014 മുതലാണ് ഇസ്രായേല്‍ ഇന്ത്യക്ക് പ്രിയപ്പെട്ട രാജ്യമാവുന്നത്. തരൂരിന്റെ മനസ് ഹമാസിനൊപ്പമാണ്. പേര് പറയാതെയാണ് തീവ്രവാദി എന്ന പേര് അദ്ദേഹം ഉപയോഗിച്ചത്. അത് അടര്‍ത്തി എടുത്ത് വിവാദം ഉണ്ടാക്കിയതാണ് എന്നും എംഎം ഹസ്സന്‍ പറഞ്ഞു.

തരൂര്‍ യുഎന്നിലൊക്കെ ജോലി ചെയ്ത വ്യക്തിയാണെന്ന് മനസിലാക്കണം. രണ്ട് ഭാഗത്തും സമാധാനം ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഹസ്സന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത് സ്വാഗതാര്‍ഹമാണ്. ഭരണകക്ഷിയില്‍ പെട്ടവരും ചില വര്‍ഗ്ഗീയ പരാമര്‍ശം നടത്തി. എം.വി.ഗോവിന്ദനെതിരെയും കേസ്സെടുക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാവുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Top