മലപ്പുറത്ത് സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്; എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: സിപിഐഎം മലപ്പുറത്ത് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരക്ക് കോട്ടപ്പടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന റാലിയില്‍ കിഴക്കേത്തലയിലാണ് സമാപിക്കുക.

എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ക്ക് പുറമേ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം, കേരളാ മുസ്ലീം ജമാ അത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. മുസ്ലീം ലീഗ് നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെങ്കിലും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് സിപിഐഎം ജില്ലാ നേതൃത്വം കണക്ക് കൂട്ടുന്നത്.

നേരത്തെ സിപിഐഎം കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നെങ്കിലും ലീഗ് പങ്കെടുത്തിരുന്നില്ല. യുഡിഎഫിന്റെ കക്ഷിയെന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം.

Top