പാളയം മാർക്കറ്റിൽ കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രം കച്ചവടത്തിന് അനുമതി

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കോഴിക്കോട് പാളയം മാർക്കറ്റ് ചൊവ്വാഴ്ച വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു . ഈ സാഹചര്യത്തിൽ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

 

കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറക്കുന്നത്. കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഓരോ വ്യക്തിയുടെയും താപ നില പരിശോധിച്ചതിനു ശേഷം മാത്രമേ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഇപ്രകാരം മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

 

അടച്ചിട്ട ഭാഗങ്ങളിൽ പൊലീസിന്റെ നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങള്‍ പാളിയാല്‍ നേരത്തെ മാര്‍ക്കറ്റ് തുറന്നപ്പോഴുണ്ടായ അനുഭവം തന്നെയായിരിക്കും ഉണ്ടാവുക. ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

കോവിഡ് നെഗറ്റീവായ കച്ചവടക്കാർക്കും ,തൊഴിലാളികൾ , പോർട്ടർമാർ എന്നിവർക്കും കോർപറേഷൻ തിരിച്ചറിയൽ കാർഡ് നൽകും. ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് അവലോകന യോഗത്തിനു ശേഷമാണ് മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമായത്. കടകളില്‍ നിന്നുള്ള കച്ചവടം പകല്‍ 11 മണി വരെ മാത്രമേ അനുവദിക്കൂ. ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് 11ന് ശേഷം പാളയത്ത് പ്രവേശിക്കാം. പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയായിരന്നു മാര്‍ക്കറ്റ് അടച്ചത്.

Top