പി സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം; വർ​ഗീയപ്രസം​ഗകരെ ഒറ്റപ്പെടുത്തണം

തിരുവനന്തപുരം: വിദ്വേഷപ്രസം​ഗം നടത്തിയ പി സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. വർ​ഗീയപ്രസം​ഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. അവർ ഏത് മത, രാഷ്ട്രീയത്തിൽപ്പെട്ടവരാണെങ്കിലും മാറ്റിനിർത്തണമെന്നും വർ​ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.

പി സി ജോർജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകർത്ത് കലാപത്തിന് ശ്രമിച്ചാൽ നേരിടണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിൻറെ ഒരുമയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. ആറ്റുകാൽ പൊങ്കാല കാലത്ത് പാളയം പള്ളിമുറ്റം വിട്ടുനൽകാറുണ്ട്. അദ്വൈതാശ്രമത്തിൽ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിൻറെ സൌന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.

ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസ സമൂഹം. കൊവിഡ് മൂലം ഒത്തു ചേരലുകൾ നഷ്ടപ്പെട്ട രണ്ട് വർഷത്തിന് ശേഷം ഇത്തവണയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ വിപുലമായി ആഘോഷിക്കുന്നത്. കൊവിഡിന് മുൻപുള്ള കാലത്തെ ഓർമിപ്പിക്കും വിധം ആളുകൾ പള്ളികളിലേക്ക് മടങ്ങിയെത്തി തുടങ്ങി. പൂർണ തോതിലായില്ലെങ്കിലും കടകളിലും സാമാന്യം തിരക്കുണ്ട്. കാണാനും ചേർത്ത് പിടിച്ച് സ്നേഹം പങ്കിടാനും മുൻപത്തേക്കാൾ ആകുന്നു.

Top