എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: മുസ്‌ലിം പേര് വന്നത് ദുഃഖകരമാണെന്ന് പാളയം ഇമാം

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിസ്ഥാനത്ത് മുസ്ലിം പേര് വന്നത് ദുഃഖകരമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഒരു മതവും ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നില്ല. കേസില്‍ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്നും ഇമാം പറഞ്ഞു. അബ്ദുള്‍ കലാം ആസാദിനെപ്പോലെയുള്ളവരേയും മുഗള്‍ ചരിത്രത്തേയും പാഠ പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമാധാനമാണ് എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത്. ഇസ്ലാം ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ശരിയായ ദിശയിലൂടെ അന്വേഷണം മുന്നോട്ട് പോയി യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തു വരണം എന്നാണ് നമുക്ക് ആവശ്യപ്പെടാനുള്ളത്,’ അദ്ദേഹം പറഞ്ഞു.’അബ്ദുല്‍ കലാം ആസാദിനെ പോലുള്ളവരുടെ ചരിത്രം പോലും പാഠഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്ത നടപടി അത്യന്തം അപലപനീയമാണ്. അതിനോട് നമുക്ക് യോജിക്കാന്‍ കഴിയില്ല. അത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. അതുകൊണ്ട് എന്‍സിഇആര്‍ടി ഒരു പുനര്‍വിചിന്തനത്തിന് തയാറാകണമെന്ന് ഈ സന്ദര്‍ഭത്തില്‍ സൂചിപ്പിക്കുകയാണ്. അതുപോലെ മുഗള്‍ രാജവംശത്തിന്റെ ചരിത്രം വെട്ടിമാറ്റപ്പെട്ട നടപടിയും ഒട്ടും ശരിയായില്ല. എട്ടു നൂറ്റാണ്ടു കാലം രാജ്യം ഭരിച്ചവരാണ് അവര്‍. ഇത്തരം ശ്രമങ്ങള്‍ ശരിയാണോ എന്ന് അധികാരികള്‍ ആലോചിക്കണം,’ മൗലവി പറഞ്ഞു.

Top