പാലത്തായി പീഡനകേസ്; ഇരക്ക് കള്ളം പറയുന്ന സ്വഭാവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. പെണ്‍കുട്ടിക്ക് ഭാവനയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സ്വഭാവം ഉണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപ്രകാരം നിയോഗിക്കപ്പെട്ട സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ പോക്‌സോ കുറ്റം ഒഴിവാക്കി പ്രതിയും ബി ജെ പി നേതാവുമായ പദ്മരാജന്‍ എതിരെ കുറ്റപത്രം നല്കാന്‍ നിയമോപദേശം നല്‍കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിശദീകരിച്ചു. ഇരയടക്കം 92 പേരെ സാക്ഷികളെ ഇതിനോടകം ചോദ്യം ചെയ്തു. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ചു.

അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ദുരവസ്ഥയില്‍ നിന്ന് ഇരയായ പെണ്‍കുട്ടി മോചിപ്പിക്കപ്പെട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളാണ് കുട്ടിയെ കൗണ്‍സിലിങ് ചെയ്തത്. കുട്ടി ഉറക്കമില്ലായ്മ, ക്രമമല്ലാത്ത ഭക്ഷണ രീതി, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായാണ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നുണ പറയുന്ന സ്വഭാവം, മൂഡ് അതിവേഗം മാറുന്ന ശീലം, വേഗത്തില്‍ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം, പെട്ടെന്ന് ടെന്‍ഷനടിക്കുന്ന സ്വഭാവം എന്നിവയ്ക്ക് പുറമെ കുട്ടി വലിയ തോതില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും കൗണ്‍സിലിങിലൂടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top