കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി നിലകൊള്ളുക; വിമര്‍ശനവുമായി അരുണ്‍ഗോപി

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്‍പ്പിക്കുന്നവര്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കണമെന്നാണ് അരുണ്‍ ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ അധികാര കേന്ദ്രങ്ങള്‍ കൃത്യമായി ഇടപെടണമെന്നും ഇതിന് പിന്നിലുളളവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധികാരികള്‍ കണ്ണടച്ചാല്‍ ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും, ഇതുപോലുള്ള കള്ള നാണയങ്ങളില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാന്‍ എന്നും അദ്ദേഹം കുറിച്ചു.

പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരും നിര്‍മാതാക്കളും ഇതിനായി ഒത്തുകളിച്ചെന്നും കണ്ടെത്തുകയുണ്ടായി. അതിനിടെയാണ് വിഷയത്തില്‍ അരുണ്‍ ഗോപിയുടെ പ്രതികരണം.

അരുണ്‍ ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്‍പിക്കുന്നവര്‍ക്കു അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കണം.. പാലാരിവട്ടം മേല്‍പാലം കാരണം ഉണ്ടാക്കുന്ന ബ്ലോക്കില്‍ മണിക്കൂറുകളാണ് മനുഷ്യര്‍ ജീവിതം ഇഴഞ്ഞു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം.. ഈ ഒരൊറ്റ കാരണത്താല്‍ പൊലിഞ്ഞു പോകുന്ന ജീവിതങ്ങള്‍ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങള്‍ക്കു ഇത്തരം ബ്ലോക്കുകള്‍ മൂകസാക്ഷികള്‍ ആയിട്ടുണ്ടാവും.. ”ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍”… ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാന്‍ കഴിയുന്നില്ല, അധികാരികള്‍ നിങ്ങള്‍ കേള്‍ക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കില്‍ ജനങ്ങള്‍ ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാന്‍! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകൂ.. കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുക തന്നെ വേണം ഓരോരുത്തരും…

Top