പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി; വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: അറ്റകുറ്റപ്പണിയെ തുടര്‍ന്ന് അടച്ച പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്.

പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും, ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. നിര്‍മാണത്തിലെ ക്രമക്കേടിന് കിറ്റ്കോ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയടക്കം പ്രതിചേര്‍ത്ത എഫ്.ഐ.ആര്‍. ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

പാലത്തിന്റെ നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ്. കമ്പനി എം.ഡി. സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയുമാകും.മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും കരാറുകാരനും തമ്മില്‍ ഒത്തുകളിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി ചെന്നൈ ഐ.ഐ.ടിയിലെ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡി.വൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. അന്വേഷണസംഘം കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Top