പാലാരിവട്ടം മേല്‍പാല നിര്‍മ്മാണം: അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയെന്നാണ് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തിയെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടന്നെന്നും 2015 ല്‍ വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സഭയില്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതിയാണെന്നും പാലത്തിന്റെ നിര്‍മ്മാണത്തില്‍ കിറ്റ്കോയ്ക്ക് വീഴ്ച പറ്റിയെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു.

പാലത്തിന്റെ മേല്‍മനോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം കൈകാര്യം ചെയ്തില്ലെന്നും പാലത്തിന്റെ ഡിസൈനിലും നിര്‍മാണത്തിലും മേല്‍നോട്ടത്തിലും അപാകതയുണ്ടായെന്നും. കിറ്റ്കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പിഡബ്ല്യുഡി മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടത്തിയതായി പരാതിയില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Top