ശ്രീധരനും പറഞ്ഞ സ്ഥിതിക്ക് എന്തിനാണ് ഇനി താമസം, ഉടൻ പാലം പൊളിക്കണം

നി ഒരു നിമിഷം കാത്ത് നില്‍ക്കാതെ ആ പാലം പൊളിക്കാന്‍ അധികൃതര്‍ ഉത്തരവിടണം. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടത്തുന്ന അറ്റകുറ്റപണികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് നടപടി സ്വീകരിക്കേണ്ടത്. പൊടിക്കൈ പ്രയോഗം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ തന്നെ തുറന്ന് പറഞ്ഞതിനാല്‍ ഗൗരവമായി തന്നെ ഇക്കാര്യത്തില്‍ ഭരണകൂടം ഇടപ്പെടണം.

രാജ്യത്തെ കൂറ്റന്‍ പാലങ്ങളുടെയും മെട്രോകളുടെയുമെല്ലാം നിര്‍മ്മാണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം പറഞ്ഞത് എന്തായാലും ഞെട്ടിപ്പിക്കുന്ന കാര്യമാണ്.ജനങ്ങളുടെ ജീവന്‍ കൊണ്ട് ഒരിക്കലും ഒരു റിസ്‌ക്കും സര്‍ക്കാര്‍ എടുക്കരുത്. പാലത്തിന് മുകളിലൂടെ ഗതാഗതം നിരോധിച്ചെങ്കിലും താഴെ കൂടെ ഇപ്പോഴും വാഹനങ്ങള്‍ പോകുന്നുണ്ട്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഇ.ശ്രീധരന്റെ അഭിപ്രായം കൂടി പുറത്തു വന്നതോടെ യാത്രക്കാരും ഈ പ്രദേശത്തെ ജനങ്ങളും ഇപ്പോള്‍ ഏറെ ആശങ്കയിലാണ്.

പാലത്തിന്റെ ഡിസൈന്‍ തന്നെ തെറ്റാണെന്ന് ഇ.ശ്രീധരന്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നടപടിയുടെ കാര്യത്തിലും വൈകിപ്പിക്കേണ്ട കാര്യം ഇനിയില്ല. ഇത് കേവലം വിജിലന്‍സ് കേസ് മാത്രമായി ഒതുക്കാതെ അഴിമതിക്കും ക്രമക്കേടിനും, കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം. ഒരുപാട് പേരുടെ ജീവന്‍ നഷ്ടപ്പെടുത്തുമായിരുന്ന നിര്‍മാണമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതിന് പിന്നില്‍ എത്ര വലിയ പ്രമാണിമാര്‍ ആയാലും രാഷ്ട്രിയ നേതാവായാലും ക്രിമിനല്‍ നിയമ നടപടിക്ക് വിധേയരാക്കണം. വിജിലന്‍സ് കണ്ടെത്തിയ ഉദ്യോഗസ്ഥരില്‍ മാത്രം നടപടി ഒരിക്കലും ഒതുക്കരുത്.

ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം പാലം നിര്‍മാണത്തില്‍ ഉണ്ടായിട്ടില്ലെന്ന വിമര്‍ശനവും അതീവ ഗൗരവമാണ്. ആരാണ് ഇതില്‍ നിന്നും ഉദ്യോഗസ്ഥരെ വിലക്കിയതെന്നതും കണ്ടെത്തേണ്ടതുണ്ട്.പാലങ്ങള്‍ക്കെല്ലാം 100 വര്‍ഷത്തിനും മീതെ ആയുസ്സ് വേണ്ടതാണ്. ‘മിഡില്‍ഡയഫ്രം’ ഉപയോഗിക്കാത്തതാണ് വാഹനം പോകുമ്പോള്‍ പാലം ഇളകാന്‍ കാരണമെന്നാണ് ഇ.ശ്രീധരന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പാലം തകര്‍ച്ച നേരിട്ടാല്‍ ആദ്യം വിജിലന്‍സിനെയല്ല, എന്‍ജിനീയറിങ് വിദഗ്ദരെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറയുന്നു. തിരുനാവായ, പെരിന്തല്‍മണ്ണ മേല്‍പാലങ്ങള്‍ക്ക് സംഭവിച്ച അനുഭവം ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതീവ ഗുരുതരമായ ഈ കൃത്യവിലോപം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ഇക്കാര്യത്തില്‍ ജനങ്ങളും ഇപ്പോള്‍ രോഷാകുലരാണ്.ശ്രീധരന്റെ പ്രതികരണം വന്നതോടെ ശക്തമായി പ്രക്ഷോഭത്തിനിറങ്ങാന്‍ വിവിധ സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.

ചിലരുടെ സമ്പത്തിനോടുള്ള ആര്‍ത്തിയാണ് പാലാരിവട്ടം മേല്‍പാലത്തിന് ഈ ഗതി വരുത്തിയിരിക്കുന്നത്.ഇവിടെയാണ് നമുക്ക് ഇ.ശ്രീധരന്‍ എന്ന വ്യക്തിയോട് ആരാധന തോന്നിപോവുക. കൊച്ചിയില്‍ അടുത്തയിടെ ഡി.എം.ആര്‍.സി സ്വന്തം ഡിസൈനില്‍ നിര്‍മ്മിച്ച നാലു പാലങ്ങളും ചുരുങ്ങിയ ബജറ്റിലാണ് ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തീര്‍ത്തു കൊടുത്തിരുന്നത്. ഇടപ്പള്ളി മേല്‍പ്പാലത്തിന് 54.23 കോടിയായിരുന്നു എസ്റ്റിമേറ്റ്. പാലം പൂര്‍ത്തിയാക്കിയതാകട്ടെ 33.12 കോടിക്ക് മാത്രമാണ്. മൊത്തം പദ്ധതി സംഖ്യയില്‍ 16.11 കോടി രൂപയാണ് മടക്കി നല്‍കിയിരുന്നത്.

വിശ്വാസ്യത എന്നാല്‍ അത് ഇ.ശ്രീധരനാണ് എന്ന് തെളിയിക്കുന്ന നടപടിയായിരുന്നു ഇത്്. ചെറിയ കുഴികളുടെ അറ്റകുറ്റപണിക്കു പോലും വലിയ തുക കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് ഈ സംഭവവും നടന്നതെന്നതും നാം ഓര്‍ക്കണം. ഇതു പോലെ ശ്രീധരന്‍ കൈവച്ച നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര – കേരള സര്‍ക്കാറുകള്‍ക്ക് ലാഭം മാത്രമേ ഉണ്ടായിട്ടൊള്ളൂ. ഗുണമേന്‍മയുടെയും കരുത്തിന്റെയും കാര്യത്തിലും നൂറ് ശതമാനമായിരുന്നു ഇവിടങ്ങളിലെ റിസള്‍ട്ട്.

കോട്ടയത്തെ നാഗമ്പടം പാലം തന്നെ ഇതിന് വലിയ ഉദാഹരണമാണ്. ശ്രീധരന്‍ ഉള്‍പ്പെട്ട ടീം 1955 ല്‍ നിര്‍മ്മിച്ച ഈ റെയില്‍വേ മേല്‍പാലം ഇപ്പോള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ രണ്ട് തവണ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. പാലത്തിന്റെ കരുത്തിനെ കാണിക്കുന്നതാണ് ഈ സംഭവം. പാലം നിര്‍മ്മിക്കുന്ന കാലഘട്ടത്തില്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയിരുന്നു ഇ.ശ്രീധരന്‍.

പാലാരിവട്ടം മേല്‍പാലത്തിനെ സംബന്ധിച്ച് സാമ്പത്തിക അഴിമതിയും ക്രമക്കേടും ഒരുപോലെ വലിയ അളവിലാണ് നടന്നിരിക്കുന്നത്. കൈക്കൂലി കൊടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തി നടത്തിയവര്‍ മാത്രമല്ല, അത് വാങ്ങിയ രാഷ്ട്രീയ നേതാക്കളും നിയമത്തിന് മുന്നില്‍ എത്തിയേ പറ്റൂ. ഉദ്യോഗസ്ഥര്‍ക്കു മേല്‍ ഏത് അധികാര കേന്ദ്രമാണ് പച്ചക്കൊടി കാട്ടിയതെന്നത് നാടും അറിയേണ്ടതുണ്ട്.

ഈ പാലം തകര്‍ന്ന് വീണിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് നാം ചിന്തിച്ചു നോക്കണം. എത്ര വലിയ അത്യാഹിതമാണ് ഉണ്ടാവുക എന്നത് സങ്കല്‍പ്പിക്കുന്നതിലും അപ്പുറമാണ്. പാലത്തിന്റെ അപകടാവസ്ഥ മുന്‍ കൂട്ടി അറിയാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യമാണ്.

നിലവാരമില്ലാത്ത സിമന്റാണ് പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ ഇതിനകം തന്നെ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ലന്നും അമിതലാഭം ഉണ്ടാക്കാന്‍ പാലത്തിന്റെ ഡിസൈന്‍ മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിലും ക്രമക്കേട് ബോധ്യമാണ്. ഈ സാഹചര്യത്തില്‍ ഇ.ശ്രീധരന്റെ കൂടി അഭിപ്രായം തേടി പാലം പൊളിച്ച് നീക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ ഉടന്‍ തന്നെ സ്വീകരിക്കേണ്ടത്.

Express view

Top