പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി ഉന്നതതല വിദഗ്ധസമിതിയെ നിയോഗിച്ചു

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി ഉന്നതതല വിദഗ്ധസമിതിയെ നിയോഗിച്ചു. മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സമിതി. സാങ്കേതിക പ്രവര്‍ത്തികളില്‍ സഹായിക്കുന്നതിനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

പാലത്തിന്റെ പുനഃസ്ഥാപനം ശാസ്ത്രീയമെന്ന് സമിതി ഉറപ്പാക്കും. പാലങ്ങളുടെ നിര്‍മാണത്തില്‍ അപാകത കാട്ടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും ഇക്കാര്യം നിയമവകുപ്പുമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.

ഗതാഗതത്തിന് തുറന്ന് കൊടുത്ത് മൂന്ന് വര്‍ഷം തികയും മുമ്പെ അറ്റകുറ്റ പണി നടത്തേണ്ടി വന്ന പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. പാലത്തിന്റെ ഗര്‍ഡറുകളിലും തൂണുകളിലും വിള്ളലുകളുണ്ടെന്നാണ് പാലം പരിശോധിച്ച ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍.

ഗര്‍ഡറുകളില്‍ ഗുരുതരമായ വിള്ളലും തൂണുകള്‍ക്ക് ബലക്കുറവുമുണ്ട്. നിര്‍മ്മാണത്തില്‍ പാളിച്ചകളുണ്ടായി. പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്ററുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ വീഴ്ച പാലത്തിന്റെ ബലക്ഷയത്തിന് കാരണമായതായും വിദഗ്ധര്‍ പറയുന്നു.

ഇന്നലെ പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനും നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തില്‍ വിജലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു. വന്‍കിട കരാറുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കിറ്റ്‌കോയ്ക്കായിരുന്നു പാലത്തിന്റെ നിര്‍മ്മാണ ചുമതല.

Top