പാലാരിവട്ടം മേൽപ്പാലം ഇന്നു മുതൽ പൊളിക്കും

എറണാകുളം : പുനർനിർമാണത്തിന്റെ ഭാഗമായി പാലാരിവട്ടം മേൽപ്പാലം ഇന്നു മുതൽ പൊളിച്ച് തുടങ്ങും. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് പ്രവർത്തികൾക്ക് തുടക്കമാകുന്നത്. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ.

ടാർ കട്ടിങ് അടക്കമുള്ള പ്രാഥമിക ജോലികളാണ് ഇന്നാരംഭിക്കുക. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാൽ അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല. നവീകരണ ജോലികൾക്കിടെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. മറ്റന്നാൾ മുതൽ ഗർഡറുകൾ പൊളിച്ച് തുടങ്ങും..
പാലം പൊളിച്ച് പണിയാൻ 18.71 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ സിംഹഭാഗവും സ്പാനുകളുടെ നിർമാണത്തിനായി ചെലവാകും. പാലത്തിന്റെ 18 സ്പാനുകളിൽ 17 എണ്ണത്തിലും,102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ട്. 8 മാസത്തിനുള്ളിൽ പുനരുദ്ധാരണം പൂർത്തിയാക്കാമെന്നാണ് വിലയിരുത്തൽ. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാനുള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടുണ്ട്. ഈ ശ്രീധരന്റെ നിർദേശപ്രകാരമാണ് തീരുമാനം.

Top