പാലാരിവട്ടം പാലം; ഇബ്രാഹിംകുഞ്ഞിനെതിരായ നടപടിയില്‍ എജിയെ വിളിച്ച് വരുത്തി ഗവര്‍ണര്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ നടപടിയില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിനോട് (എജി) അഭിപ്രായം തേടി. വിജിലന്‍സിന്റെ അപേക്ഷയില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദിനോട് അഭിപ്രായം ചോദിക്കുന്നത്. രാജ്ഭവനിലെത്താനാണ് എജിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലന്‍സ് കത്ത് നല്‍തിയത്. വിജിലന്‍സ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാരാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും ഗവര്‍ണറുടെ മറുപടി ലഭിച്ചിരുന്നില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സ്വന്തം നിലയിലും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. ഗവര്‍ണറുടെ അനുമതി വൈകുന്നതിനാല്‍ ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ വൈകുകയാണ്.

നേരത്തെ ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറെയും വിജിലന്‍സ് ഐജിയെയും രാജ്ഭവനിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അപേക്ഷയില്‍ അന്തിമതീരുമാനമെടുക്കുകയാണെന്ന സൂചന നല്‍കി എജിയോടും അഭിപ്രായം തേടിയിരിക്കുന്നത്.

Top