ഉമ്മൻ ചാണ്ടിയെയും ഇബ്രാഹിമിനെയും കുരുക്കാൻ ഡി.വൈ.എഫ്.ഐ പ്രക്ഷോഭം

പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അഴിയെണ്ണിക്കുമെന്ന വാശിയില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭത്തിനാണ് വിപ്ലവ യുവജനപ്രസ്ഥാനം ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

വലിയ ഒരു ദുരന്തം ഉണ്ടാകാതിരുന്നത് പാലത്തിന്റെ തകരാറ് തിരിച്ചറിയാന്‍ കഴിഞ്ഞത് കൊണ്ടു മാത്രമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും പ്രസിഡന്റ് എസ്.സതീഷും ജില്ലാ സെക്രട്ടറി അന്‍ഷാദും വ്യക്തമാക്കി. നാഷണല്‍ ഹൈവേ അതോററ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കേണ്ട പാലം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്തത് തന്നെ അഴിമതി നടത്താന്‍ വേണ്ടിയായിരുന്നു എന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.

ധര്‍ണയില്‍ തുടങ്ങിയ പ്രതിഷേധം മേല്‍പാലത്തിലെ റീത്ത് സമര്‍പ്പിക്കലില്‍ മാത്രമല്ല കൂടുതല്‍ ശക്തമായ രീതിയിലേക്ക് മാറ്റുമെന്ന സൂചനയാണ് ഡി.വൈ.എഫ്.ഐ നല്‍കുന്നത്. അതായത് ഗുരുതരമായ അഴിമതി നടന്ന കേസില്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി ഉന്നതരെ രക്ഷപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തം. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയുമാണ് ഡി.വൈ.എഫ്.ഐ ലക്ഷ്യമിടുന്നത്.

സി.പി.എം നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് യുവജന പ്രക്ഷോഭമെന്നതിനാല്‍ കടുത്ത നടപടിയിലേക്ക് കടക്കാന്‍ സര്‍ക്കാറും ഇനി നിര്‍ബന്ധിതമാകും. സോളാര്‍ വാള്‍ തലക്കു മുകളില്‍ നില്‍ക്കുന്ന യു.ഡി.എഫ് നേതാക്കള്‍ക്ക് മറ്റൊരു ഭീഷണിയായി പാലാരിവട്ടം മേല്‍പാലം മാറി കഴിഞ്ഞിരിക്കുകയാണ്. മെട്രോമാന്‍ ഇ. ശ്രീധരന്‍ അടക്കമുള്ളവര്‍ ഈ പാലത്തിന്റെ ഡിസൈന്‍ പോലും ചോദ്യം ചെയ്തു കഴിഞ്ഞു. പൊളിച്ച് നീക്കാതെ അറ്റകുറ്റപണി നടത്തിയത് കൊണ്ടു മാത്രം കാര്യമില്ലെന്ന നിലപാടിലാണ് ഈ വിദഗ്ദന്‍. സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിര്‍മ്മിച്ച പാലം അഴിമതിയുമായി ബന്ധപ്പെട്ട് വന്‍ ഗൂഢാലോചന നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിശോധനയില്ലായ്മയും അഴിമതിയും പാലത്തിന്റെ ഗുണനിലവാരമിടിച്ചെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

ആവശ്യത്തിനുള്ള സിമന്റ് പോലുമില്ലാതെയാണ് പാലം നിര്‍മ്മിച്ചതെന്ന് ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ്സിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മേല്‍പാലം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിജിലന്‍സിന്റെ പ്രധാന കണ്ടെത്തല്‍. കോണ്‍ക്രീറ്റിങ്ങിനും ടാറിങ്ങിനും ഇടയില്‍ ഉപയോഗിച്ച കോമ്പൗണ്ട് ഗുണനിലവാരമില്ലാത്തതായിരുന്നു. ഇതുകൊണ്ടാണ് പാലത്തില്‍ കുഴികളും വിള്ളലുമുണ്ടായതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിജിലന്‍സിന്റെ മറ്റ് കണ്ടെത്തലുകള്‍ ഇങ്ങനെയാണ്; പാലത്തിന്റെ കോണ്‍ക്രീറ്റിങ്ങില്‍ പാലിക്കേണ്ട അളവുകള്‍ തെറ്റിയിട്ടുണ്ട്. ഗ്രേഡ് എം 35ന് പകരം ഗ്രേഡ് എം 22 ആണ് ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റിംഗിലെ ഈ പാളിച്ചയും ഗുണം കുറഞ്ഞ കമ്പി ഉപയോഗിച്ചതുമാണ് പാലത്തിന്റെ ബലക്ഷയത്തിനിടയാക്കിയത്. ഗര്‍ഡറുകള്‍ക്ക് താഴെ ഉപയോഗിച്ച ബെയറിംഗുകള്‍ പലതും സ്ഥാനം തെറ്റി സ്ഥാപിച്ചതായും കണ്ടെത്തിയതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗര്‍ഡറുകള്‍ തമ്മിലുള്ള അകലം വര്‍ധിച്ചത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. നിയന്ത്രണാതീതമായ വാഹനങ്ങളുടെ ഭാരവും വര്‍ധിച്ച ഗതാഗതവും പാലത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിര്‍മ്മാണ ഘട്ടത്തില്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളില്‍പ്പോലും വീഴ്ചയുണ്ടായെന്ന് ഈ രംഗത്തെ വിദഗ്ധന്‍ ഉപേന്ദ്ര നാരായണനും അധികൃതരെ അറിയിച്ചിട്ടുണ്ട്.

യുഡിഎഫ് ഭരണകാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിച്ചത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ്‌സ് കോര്‍പ്പറേഷനെ ഏല്പിച്ചാല്‍ അഴിമതിയില്ലാതാകുമെന്നായിരുന്നു യുഡിഎഫിന്റെ വാദം. തുടര്‍ന്ന് ടെന്‍ഡര്‍ പോലും വിളിക്കാതെയായിരുന്നു ആര്‍.ബി.ഡി.കെയെ നിര്‍മ്മാണം ഏല്പിച്ചിരുന്നത്. ഇത് വന്‍ അഴിമതിക്ക് കളമൊരുക്കുകയായിരുന്നു എന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആര്‍.ബി.ഡി.കെയിലെയും മേല്‍നോട്ട ചുമതലയുണ്ടായിരുന്ന കിറ്റ്‌ക്കോയിലെയും ഉദ്യോഗസ്ഥര്‍ പദവികള്‍ ദുര്‍വിനിയോഗം ചെയ്തതായും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയും ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. പാലാരിവട്ടം മേല്‍പ്പാലം സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ യുഡിഎഫ് ഭരണകാലത്തെ പൊതുമരാമത്ത് പണികളില്‍ നടന്ന വലിയ കുംഭകോണങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കോടികള്‍ മുടക്കി പണിത പാലാരിവട്ടം പാലം നിലവില്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു അനുഭവം ആദ്യമാണ്.

39 കോടി രൂപ ചെലവിട്ട് പണിത പാലം വെറും രണ്ടര വര്‍ഷത്തിനുശേഷം ഉപയോഗ ശൂന്യമാകുന്നത് കേരളം നിസഹായതയോടെ കണ്ടുനില്‍ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിന് ഉത്തരവാദികളായ ഒരു ഉദ്യോഗസ്ഥനെയും ഏജന്‍സികളെയും കരാര്‍ കമ്പനികളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെയും പങ്ക് അന്വേഷിക്കണമെന്നു തന്നെയാണ് നിലപാടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും പ്രസിഡന്റ് എസ്.സതീഷും ജില്ലാ സെക്രട്ടറി അന്‍ഷാദും വ്യക്തമാക്കി.

ധാര്‍മ്മികതയുടെ പ്രശ്‌നം മാത്രമല്ല ഉമ്മന്‍ചാണ്ടിക്കും ഇബ്രാഹിം കുഞ്ഞിനും നേരെ നീളുന്നത്. പദ്ധതിയുടെ ആദ്യഘട്ടം മുതല്‍തന്നെ നിക്ഷിപ്ത താല്‍പര്യവും അഴിമതിയും ഇക്കാര്യത്തില്‍ പ്രകടമായിരുന്നു എന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എറണാകുളത്തെ മേല്‍പാല വിവാദം കത്തുന്നത് യുഡിഎഫ് നേതൃത്വത്തെ ഏറെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

Staff Reporter

Top