പാലാരിവട്ടം മേല്‍പ്പാല അഴിമതി ; ടി ഒ സൂരജ് ഉള്‍പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പാലാരിവട്ടം മേല്‍പാല അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം അഴിമതിയിലെ ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കേരളത്തില്‍ അങ്ങോളമിങ്ങോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കരാറുകാരനായ സുമതി ഗോയല്‍ നിരവധി പൊതുപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര്‍ വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ് പേര് വെളിപ്പെടുത്താത്തതെന്നും വിജിലന്‍സ് പറയുന്നു.

പാലം നിര്‍മാണത്തിന് മുന്‍കൂറായി അനുവദിച്ച സര്‍ക്കാര്‍ പണം പോയത് ആര്‍.ഡി.എക്‌സ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തിന് ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെതായിരുന്നെന്ന് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇതിനിടെ പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചിരുന്നു. വിജിലന്‍സിന്റെ നീക്കത്തില്‍ ആശങ്കയില്ലെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ വീണ്ടും ഹാജരാകുമെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.

പാലാരിവട്ടം പാലം കേസില്‍ അന്വേഷണവുമായി സഹകരിക്കും, അഴിമതിയില്‍ പങ്കുള്ളവരുടെ പേര് കരാറുകാരന് അറിയാമെങ്കില്‍ പറയട്ടെ എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

Top