പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; വിദഗ്ധ സംഘം വീണ്ടും പാലം പരിശോധിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പണിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം വീണ്ടും പാലം പരിശോധിക്കും. പരിശോധന ഈ ആഴ്ച തന്നെയുണ്ടാകുമെന്നാണ് വിവരം. ഐഐടിയില്‍ നിന്നുള്ള സംഘത്തെയടക്കം ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തുക.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും കിറ്റ്‌കോയും ചേര്‍ന്നാണ് സ്വകാര്യ കരാറുകാരനെക്കൊണ്ട് പാലം പണിയിപ്പിച്ചത്.

അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ കൊച്ചി ഓഫീസില്‍ 10 ദിവസം മുമ്പാണ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് കേസില്‍ ഒന്നാം പ്രതിസ്ഥാനത്തുള്ള, മേല്‍പ്പാലം പണിത ആര്‍ഡിഎസ് കമ്പനിക്ക്, തുക കൈമാറിയതിന്റ രേഖകള്‍ അടക്കം പിടിച്ചെടുത്തിരുന്നു. ഇടപാടുകള്‍ നടത്തിയ കംപ്യൂട്ടറുകള്‍ അടക്കം ഉപകരണങ്ങളും കണ്ടെടുത്തു. പിടിച്ചെടുത്ത രേഖകളുടെ പരിശോധനയില്‍ ലഭിക്കുന്ന തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പുതിയ പരിശോധന.

Top