പാലാരിവട്ടം മേല്‍പ്പാലം ; വിജിലന്‍സ് സംഘം പാലം നിര്‍മ്മിച്ച കമ്പനി ഉടമയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പാലം നിര്‍മ്മിച്ച കമ്പനി ഉടമയുടെ മൊഴി രേഖപ്പെടുത്തി.

നിര്‍മ്മാണത്തില്‍ അപാകത വന്നതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പണി നടത്തിയ ആര്‍ഡിഎസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയെ സംബന്ധിച്ച് പരിശോധിച്ച ശേഷം അറിയിക്കാമെന്ന് ആര്‍ഡിഎസ് മൊഴിനല്‍കിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

പദ്ധതി നടപ്പാക്കിയ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്പറേഷനിലെയും മേല്‍നോട്ടം വഹിച്ച കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം മേല്‍പ്പാലത്തിലെ ടാറിംഗ് ജോലികള്‍ നാളെ തുടങ്ങിയേക്കും. പഴയ ടാറിംഗ് പൂര്‍ണമായി നീക്കിയെങ്കിലും പൊടിയും ഈര്‍പ്പവും മഴ മൂലം പൂര്‍ണമായി നീക്കം ചെയ്യാനായിട്ടില്ല.

Top