പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നാളെ മുതല്‍ ഗതാഗത നിയന്ത്രണം

എറണാകുളം: പാലാരിവട്ടം പാലത്തിന്‌റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. നാളെ മുതല്‍ എറണാകുളത്തേക്കും കാക്കനാട്ടേക്കും പാലത്തിനടിയിലൂടെയുള്ള ഗതാഗതം ഉണ്ടാവില്ല. ദേശീയപാതയില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ പോകുന്നതിന് തടസ്സമില്ല.

പാലാരിവട്ടം സിഗ്നലിന് ഇരു വശത്തും ദേശീയ പാതയില്‍ 700 മീറ്റര്‍ സഞ്ചരിച്ചാല്‍ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകും. സിഗ്നലില്‍ തിരക്കൊഴിവാക്കാന്‍ രണ്ട് വഴികള്‍ കൂടി ട്രാഫിക് പൊലീസ് നിര്‍ദേശിക്കുന്നുണ്ട്.

കാക്കനാട് നിന്ന് വരുന്നവര്‍ക്ക് ഈച്ചമുക്കില്‍ നിന്ന് തിരിഞ്ഞ് വെണ്ണല എത്തി പുതിയ റോഡ് വഴി ചക്കരപ്പറമ്പിലൂടെ എറണാകുളത്തേക്ക് പോകാം. എറണാകുളത്ത് നിന്ന് കാക്കനാടേക്ക് പോകുന്നവര്‍ക്ക് ഇടപ്പള്ളിയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒബ്രോണ്‍ മാളിന് സമീപത്തു കൂടി തൃപ്പൂണിത്തുറ റോഡിലൂടെ പാടിവട്ടത്ത് എത്താം. ദേശീയപാതയില യാത്രക്കാര്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല.

ഒരാഴ്ച നിലവിലെ ഗതാഗത ക്രമീകരണം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് മാറ്റം വരുത്തുകയോ സ്ഥിരം സിഗ്നല്‍ സംവിധാനം സജ്ജമാക്കുകയോ ചെയ്യാനാണ് ട്രാഫിക് പൊലീസിന്റെ തീരുമാനം. പാലാരിവട്ടം പാലത്തിന്റെ ഗാര്‍ഡറുകള്‍ പൊളിക്കാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് നാളെ മുതല്‍ ഗതാഗത നിയന്ത്രണം.

Top