പാലാരിവട്ടം പാലം; രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതി അന്തിമ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: പാലാരിവട്ടം പാലം ഉടന്‍ പൊളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ രണ്ടാഴ്ചക്ക് ശേഷം അന്തിമ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. അതുവരെ കേസില്‍ തല്‍സ്ഥിതി തുടരും. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് പാലാരിവട്ടം കേസ് പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്ന ഇ. ശ്രീധരന്റെ ശുപാര്‍ശ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാലം അടച്ചിട്ടിരിക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്ന കാര്യവും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയില്‍ ഇപ്പോള്‍ തീരുമാനം എടുത്താല്‍ അത് ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം കേസില്‍ അന്തിമ വാദം കേട്ട് തീര്‍പ്പ് കല്പിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കണമെന്ന കക്ഷികളില്‍ ചിലരുടെ ആവശ്യവും കോടതി അംഗീകരിച്ചു.

Top