പാലാരിവട്ടം പാലം അഴിമതിക്കേസ്; ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്‍ഡ് കാലാവധി നീട്ടിയത്.

ജാമ്യത്തിനായി സൂരജ് വീണ്ടും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം മലപ്പുറം ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജിന്റെ 5 അനുബന്ധ റോഡുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജിയില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

2012-13 കാലഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്. കേസില്‍ 35 കോടി രൂപയുടെ അഴിമതിയാണ് സൂരജിനെതിരെ ആരോപിക്കുന്നത്. 35.5 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ചു കളമശേരി സ്വദേശി ഗിരീഷ് കുമാറാണു ഹര്‍ജി നല്‍കിയത്.

Top