പാലാരിവട്ടം പാലം അഴിമതി ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് മുവാറ്റുപ്പുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്, പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ് ഉടമ സുമിത് ഗോയല്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എംടി തങ്കച്ചന്‍, കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ തുടങ്ങിയവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.

ഇതിനിടെ പാലം അഴിമതിയില്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ആരോപണം.

കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കരാറിന് വിരുദ്ധമായി എട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കരാറുകാരന് നല്‍കി. വിജിലന്‍സ് ആരോപിക്കുന്ന കുറ്റം ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ടി.ഒ സൂരജ് ആരോപിച്ചു.

Top