പാലാരിവട്ടം: ടി.ഒ സൂരജ് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെ ഇന്ന് എറണാകുളം റസ്റ്റ് ഹൗസില്‍ ഹാജരാക്കും

കൊച്ചി: റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കേ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ക്യാമ്പ് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസില്‍ ഹാജരാക്കും.

കേസിലെ നാലാം പ്രതിയായ ടി ഒ സൂരജിനെ കൂടാതെ ഒന്നാം പ്രതി കരാര്‍ കമ്പനി എം ഡി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം ടി തങ്കച്ചന്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുക.

അതേസമയം മലപ്പുറം ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജിന്റെ 5 അനുബന്ധ റോഡുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജിയില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

2012-13 കാലഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്. കേസില്‍ 35 കോടി രൂപയുടെ അഴിമതിയാണ് സൂരജിനെതിരെ ആരോപിക്കുന്നത്. 35.5 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ചു കളമശേരി സ്വദേശി ഗിരീഷ് കുമാറാണു ഹര്‍ജി നല്‍കിയത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഓഗസ്റ്റ് 30-നാണ് ടി ഒ സൂരജ് അടക്കം നാലു പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 45 ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞ സൂരജടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Top