പാലാരിവട്ടം പാലം; പൂജ കഴിഞ്ഞ് പൊളിക്കല്‍ ആരംഭിച്ചു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ടാറിംഗ് ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം പുരോഗമിക്കുന്നത്. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. എട്ടു മാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് പ്രവര്‍ത്തികള്‍ക്ക് തുടക്കമാകുന്നത്.

പാലത്തിലെ ടാറിങ് പൂര്‍ണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനില്‍ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. ആറ് ഗര്‍ഡറുകള്‍ ചേര്‍ന്നതാണ് ഒരു സ്പാന്‍. രണ്ട് തൂണുകള്‍ക്കിടയില്‍ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാന്‍. ഇത്തരം സ്പാനുകള്‍ക്ക് മുകളിലാണ് ഡെക് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്.

ഡയമണ്ട് കട്ടര്‍ ഉപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തില്‍ മുറിക്കുന്ന കോണ്‍ക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും. കഷ്ണങ്ങളാക്കുന്ന ഗര്‍ഡര്‍ ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മിക്കാനായി ഉപയോഗിക്കാം എന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു. ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം കൈക്കൊണ്ടത്.

Top