പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച ; പ്രൊഫൈല്‍ കറക്ഷനില്‍ വന്ന വീഴ്ചയെന്ന് വിലയിരുത്തല്‍

കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേടിന് കാരണം പ്രൊഫൈല്‍ കറക്ഷനില്‍ വന്ന വീഴ്ചയെന്ന് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കിറ്റ്കോ അധികൃതര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് സൂചന. ടാറിംഗിലും വലിയ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

പില്ലറിന് മുകളില്‍ സ്ഥാപിക്കുന്ന സ്ലാബുകള്‍ ഒരേ നിരപ്പിലല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ വേഗതയില്‍ പോകുമ്പോള്‍ സ്ലാബുകള്‍ക്കിടയിലെ ഖട്ടറില്‍ വീഴും. ഇത് സ്ലാബുകള്‍ക്കും പാലത്തിനും ബലക്ഷയം ഉണ്ടാക്കുന്നതിനൊപ്പം വിള്ളലും വീഴ്ത്തും.

അതേസമയം ക്രമക്കേട് അന്വേഷിക്കുന്ന സംഘം ഇന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് നാല് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിലെ 4 ഉദ്യോഗസ്ഥരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകന്‍ നിര്‍ദ്ദേശിച്ച് അന്വേഷണ സംഘം നോട്ടീസ് അയച്ചത്.

പാലത്തിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യ ചെയ്യേണ്ടെ ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യ ചെയ്യും. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ് കമ്പനി ഉടമകളോടും അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top