പാലാരിവട്ടം പാലത്തിന്റെ ലോഡ് ടെസ്റ്റിംഗിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിന്? പി.ടി തോമസ്

കൊച്ചി: പാലാരിവട്ടം പാലത്തിന് ലോഡ് ടെസ്റ്റിംഗ് നടത്തണം എന്ന ഹൈക്കോടതിയുടെ കണ്ടുപിടിത്തത്തെ എന്തിനാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് പി.ടി തോമസ് എം.എല്‍.എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അതിന്റെ കാരണമെന്താണന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഒന്നുകില്‍ പാലത്തിന് ബലക്ഷയമുണ്ട് എന്ന് സമ്മതിക്കണം. ബലക്ഷയം ഉണ്ട് എന്നാണെങ്കില്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന നടത്തേണ്ടതുണ്ട്. അതിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന പരിശോധനയോട് സര്‍ക്കാര്‍
സഹകരിക്കണം. അതല്ലെങ്കില്‍ പാലത്തിന് യാതൊരു തകരാറും ഇല്ല എന്ന് സര്‍ക്കാര്‍ ജനങ്ങളോട് പറയണമെന്നും പി.ടി തോമസ് പറയുന്നു.

പിടി തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

പാലാരിവട്ടം പാലത്തിന് ലോഡ് ടെസ്റ്റിംഗ് നടത്തണം എന്ന ഹൈക്കോടതിയുടെ കണ്ടുപിടിത്തത്തെ എന്തിനാണ് ഗവണ്‍മെന്റ് എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. പാലാരിവട്ടം പാലത്തിന് ഗുരുതരമായ തകരാര്‍ ഉണ്ടെന്നും പണിയില്‍ വ്യാപകമായ അഴിമതി ഉണ്ടെന്നും വലിയ സംസാരവും കണ്ടു പിടുത്തവും ഒക്കെ നടന്ന പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം ഒരു പഞ്ചവടി പാലം ആണോ എന്ന് കേരളത്തിലെമ്പാടും പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഒരു കേസ് വരികയും ഹൈക്കോടതി പാലത്തിന് ഒരു ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍ ഈ ടെസ്റ്റ് നടത്തേണ്ടതില്ല അതിനെതിരെ അപ്പീല്‍ കൊടുക്കണമെന്നാണ് സംസ്ഥാന ഗവണ്‍മെന്റ് ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. എന്താണ് അതിന്റെ കാരണമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണം. ഒന്നുകില്‍ പാലത്തിന് ബലക്ഷയമുണ്ട് എന്ന് സമ്മതിക്കണം. ബലക്ഷയം ഉണ്ട് എന്നാണെങ്കില്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന നടത്തേണ്ടതുണ്ട്. അതിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന പരിശോധനയോട് ഗവണ്‍മെന്റ് സഹകരിക്കണം. അതല്ലെങ്കില്‍ പാലത്തിന് യാതൊരു തകരാറും ഇല്ല എന്ന് ഗവണ്‍മെന്റ് ജനങ്ങളോട് പറയണം. ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാന്‍ വളരെ താല്പര്യം ഉണ്ട്. തീര്‍ച്ചയായും സ്ഥലം എംഎല്‍എ എന്ന നിലയില്‍ കൂടി പാലത്തിന് ക്രമക്കേട് ഉണ്ടെങ്കില്‍ ഉണ്ടെന്നും ഇല്ലെങ്കില്‍ ഇല്ലെന്നും ഇതിന് എന്താണ് പരിഹാരമെന്നും അറിയാനുള്ള ആവശ്യമുണ്ട്. ഒരുവര്‍ഷമായി പാലം ഇങ്ങനെ അനാഥാവസ്ഥയില്‍ കിടക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

Top