പാലാരിവട്ടം മേല്‍പ്പാലം; ക്രമക്കേടുമായ് ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം അവസാന ഘട്ടത്തില്‍

കൊച്ചി: കൊച്ചി പാലാരിവട്ടം ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിലുണ്ടായ ക്രമക്കേടുമായ് ബന്ധപ്പെട്ട് വിജിലന്‍സ് ആരംഭിച്ച അന്വേഷണം അവസാന ഘട്ടത്തിലേക്ക്. മേല്‍പാലത്തിന്റെ രൂപകല്‍പന തയ്യാറാക്കിയ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രതിനിധികളെ വിജിലന്‍സ് സംഘം നാളെ ചോദ്യം ചെയ്യും. അതേസമയം എക്സ്പാന്‍ഷന്‍ ജോയിന്റുകളിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ജോലികളും റീ ടാറിങും പൂര്‍ത്തിയായാല്‍ പാലം താല്‍ക്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെയും മുന്‍ എംഡി മുഹമ്മദ് ഹനീഷിന്റെയും മൊഴി രേഖപെടുത്തി. കിറ്റ്കോയുടെ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. വിദഗ്ധ സംഘം പാലത്തില്‍ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം കൂടിലഭ്യമായാല്‍ ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാലാരിവട്ടം മേല്‍ പാലത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് മൂന്ന് മാസം സമയം വേണമെന്നായിരുന്നു ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ നിലവിലെ ഗതാഗത കുരുക്കും സ്‌കൂള്‍ തുറക്കുമ്പോഴുണ്ടാവുന്ന തിരക്കുകളും പരിഗണിച്ച് അറ്റ കുറ്റ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. എക്സ്പാന്‍ഷന്‍ ജോയിന്റുകളിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ജോലികളും റീടാറിങും പൂര്‍ത്തിയായാല്‍ പാലം താല്‍ക്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് തീരുമാനം. മറ്റ് ജോലികള്‍ മഴക്കാലത്തിന് ശേഷം പുനരാരംഭിക്കും. പാലം പൂര്‍ണമായി അടച്ചിടാതെ തുടര്‍ ജോലികള്‍ നിര്‍വഹിക്കാനാകുമെന്നാണ് വിഗദ്ധസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top