തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രി ; ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് ടി ഒ സൂരജ്

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് പ്രതികരിച്ചു.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു സൂരജിന്റെ പ്രതികരണം.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലാകും സൂരജ് അടക്കമുള്ളവരെ എത്തിക്കുക. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാക്കി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് രംഗത്ത് വന്നിരുന്നു. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്റെ പക്കല്‍ എത്തിയതെന്നും മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളി പാലത്തിനായും പണം കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. ഭയമുള്ളതുകൊണ്ടല്ല എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെയും പക്കലിരിക്കുന്ന കേസ് ആയതിനാല്‍ അഭിപ്രായം പറയുന്നില്ല. കേസ് അന്വേഷണവുമായി 100 ശതമാനം സഹകരിക്കുക തന്നെ ചെയ്യും. സര്‍ക്കാരും ഇ. ശ്രീധരനും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും, ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

Top