പാലാരിവട്ടം പാലം പൂര്‍ണമായും പൊളിക്കേണ്ട; നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ഇ.ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം പാലം പൂര്‍ണമായും പൊളിച്ചു പണിയേണ്ടതില്ലെന്ന് ഇ.ശ്രീധരന്‍. പാലത്തിന്റെ നിര്‍മ്മാണം ഉടനെ തുടങ്ങുമെന്നും വേണ്ട എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്നും ശ്രീധരന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറഞ്ഞത്.

സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനെയാണ് ചുമതലപ്പെടുത്തിയത്. ഒക്ടോബറില്‍ പണി തുടങ്ങുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 19 വരെയാണ് റിമാന്‍ഡ് ചെയ്തത്.

അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരുന്നത്.

Top