പാലാരിവട്ടം മേല്‍പാലം; ടി.ഒ സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ ഇവര്‍ റിമാന്‍ഡിലായിരുന്നു.

കേസില്‍ ഒന്നാം പ്രതിയും കരാര്‍ കമ്പനി എംഡിയുമായ സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എംടി തങ്കച്ചന്‍, നാലാം പ്രതിയായ ടി.ഒ സൂരജ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ മൂന്നാം പ്രതി ആയ ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

അതേസമയം മറ്റൊരു വാര്‍ത്തയും പാലത്തെ സംബന്ധിച്ച് പുറത്ത് വന്നിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമാണെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പാലത്തിന്റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട് എന്ന് കണ്ടെത്തി. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഡബ്ള്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയര്‍ സജിലി, തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറും സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിദഗ്ധനുമായ പി.പി ശിവന്‍ എന്നിവരടക്കമുള്ള സമിതി നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വിദഗ്ധ സമിതി പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി.

Top