Palaniswami to take floor test in Tamil Nadu assembly today

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി തമിഴ്നാട് നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടും.

രാവിലെ 11ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിക്കും. പരസ്യ വോട്ടെടുപ്പോ രഹസ്യ വോട്ടെടുപ്പോ എന്നത് സ്പീക്കര്‍ പി. ധനപാല്‍ തീരുമാനിക്കും.

പരസ്യവോട്ടെടുപ്പ് നടത്താന്‍ പളനിസാമി വിഭാഗം സ്പീക്കറെ സമീപിച്ചിട്ടുണ്ട്. പളനിസാമിയുടെ അധ്യക്ഷതയില്‍ കൂവത്തൂര്‍ റിസോര്‍ട്ടില്‍ എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു. ഇവരെ പ്രത്യേക സുരക്ഷയില്‍ നിയമസഭയില്‍ എത്തിക്കും.

കെ. പളനിസ്വാമി ഇന്നു വിശ്വാസ വോട്ട് തേടാനിരിക്കെ ഒരു എംഎല്‍എ കൂടി ഒപിഎസ് പക്ഷത്തേക്ക്. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്‍.ജി. അരുണ്‍കുമാറാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നു മടങ്ങിയത്. ഇന്നു നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും എംഎല്‍എ അറിയിച്ചു.

എംഎല്‍എമാരെ നിയമസഭയിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനവ്യൂഹം തയാറെടുക്കുന്നതിനിടെയാണ് അരുണ്‍ കുമാര്‍ റിസോര്‍ട്ട് വിട്ടത്. നാല് ബസുകളിലായാണ് എംഎല്‍എമാരെ നിയമസഭയിലേക്ക് കൊണ്ടുപോവുക. എഐഎഡിഎംകെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരിക്കും എംഎല്‍എമാര്‍ കൂവത്തൂരില്‍ നിന്നും യാത്ര തിരിക്കുക.

അതേസമയം പളനിസാമിക്കെതിരെ വോട്ട് ചെയ്യാന്‍ പനീര്‍സെല്‍വം അണ്ണാഡിഎംകെ എംഎല്‍എമാരോട് ആവശ്യപ്പെട്ടു. പളനിസാമിയെ പുറത്താക്കി ജയലളിതയുടെ താല്‍പര്യം സംരക്ഷിക്കണമെന്നാണ് ആഹ്വാനം. വോട്ട് രേഖപ്പെടുത്തും മുമ്പ് ശരിക്കും ചിന്തിക്കുക.

സമ്മര്‍ദ്ദത്തിന് അടിപ്പെടരുത്. കുടുംബവാഴ്ച തമിഴ്നാട് രാഷ്ട്രീയത്തിലേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍വാത്മനാ ശ്രമിച്ചയാളാണ് അമ്മ. അവസാനം വരെയും ഈ നിലപാടു പുലര്‍ത്തിയായിരുന്നു അമ്മയുടെ പ്രവര്‍ത്തനമെന്നും പനീര്‍സെല്‍വം അണ്ണാഡിഎംകെ എംഎല്‍എമാരെ ഓര്‍മിപ്പിച്ചു.

നേരത്തെ,123 എംഎല്‍എമാരുടെ പിന്തുണയാണ് പളനിസ്വാമി പക്ഷം അവകാശപ്പെട്ടിരുന്നത്. പനീര്‍ശെല്‍വത്തിനൊപ്പം 11 എംഎല്‍എമാരാണുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ പളനിസ്വാമിക്കെതിരേ വോട്ട് ചെയ്യുമെന്നു ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു. 98 എംഎല്‍എമാരാണു ഡിഎംകെ സഖ്യത്തിലുള്ളത്.

Top