Palaniswami meets TN Governor, stakes claim to form government

ചെന്നൈ: തമിഴ്‌നാട്ടില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ അണ്ണാഡിഎംകെയിലെ പളനിസാമി പനീര്‍ശെല്‍വം പക്ഷങ്ങളോട് തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടതായി സൂചന.

പളനിസാമിയും പനീര്‍ശെല്‍വവും ഭൂരിപക്ഷം അവകാശപ്പെടുന്ന സാഹചര്യത്തില്‍ ഓരോരുത്തരോടും തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഹാജരാക്കാനാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇരുപക്ഷത്തിനും ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് സമയമനുവദിക്കുകയും ചെയ്തു. എടപ്പാടി പളനിസാമിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി. പനീര്‍ശെല്‍വവുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ആയിരുന്ന ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് പളനിസാമി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ശശികല വിഭാഗം എംഎല്‍എമാര്‍ പളനിസാമിയെ പിന്തുണച്ച് കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ തുടരുകയാണ്.

എംപിമാരുടെ പിന്തുണയുണ്ടെങ്കിലും പതിനൊന്ന് എംഎല്‍എമാരാണ് പനീര്‍ശെല്‍വത്തോടൊപ്പം ഇപ്പോഴുള്ളത്. ശശികല ജയിലിലായതോടെ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പനീര്‍ശെല്‍വം വിഭാഗം പ്രതീക്ഷിക്കുന്നത്.

Top