തമിഴ്‌നാട്ടില്‍ കാവിക്കൊടി ! പളനിസ്വാമി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബി ജെ പി ശ്രമങ്ങള്‍ വിജയത്തിലേക്ക്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും കൂടിക്കാഴ്ച നടത്തി.

അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരന്‍ എന്നിവരെ ഒതുക്കി പാര്‍ട്ടി പിടിച്ചടക്കാന്‍ എടപ്പാടി പളനിസാമി (ഇപിഎസ്), ഒ.പനീര്‍സെല്‍വം (ഒപിഎസ്) പക്ഷങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതാണു ബിജെപിയുടെ ദീര്‍ഘകാലമായുള്ള സ്വപ്നത്തിന് ഉണര്‍വേകുന്നത്.

അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും യോജിച്ചാല്‍ എന്‍ഡിഎ മുന്നണിയിലേക്ക് പ്രവേശിക്കാനാണു തീരുമാനം. മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകളും ഡല്‍ഹിയില്‍ നടന്നു.

ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവിഭാഗം നേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുള്ളത്. 20 മിനിറ്റ് നീണ്ടു നിന്ന ചര്‍ച്ചയില്‍ മുന്നണി പ്രവേശനമായിരുന്നു മുഖ്യ അജണ്ട.

ശശികലയ്‌ക്കെതിരെയും ദിനകരനെതിരെയും കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസാക്കിയിരുന്നു. ശശികലയുടെ സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണ്. ദിനകരനു പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ അധികാരമില്ലെന്നുമാണു പ്രമേയത്തില്‍ പറയുന്നത്.

Top