palanisami to seeks floor test

ചെന്നൈ: എഐഎഡിഎംകെ പാര്‍ട്ടി പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ഒ പനീര്‍ശെല്‍വം.

ശശികലയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ഒ പനീര്‍സെല്‍വം പക്ഷം പ്രഖ്യാപിച്ചു. ശശികലയ്ക്ക് പാര്‍ട്ടി ജനറല്‍സെക്രട്ടറിയായിരിക്കാന്‍ യോഗ്യതയില്ലെന്നും പുറത്താക്കുകയാണെന്നും മുന്‍ പ്രസീഡീയം സെക്രട്ടറിയും ഒപിഎസ് വിഭാഗം പ്രമുഖ നേതാവുമായ ഇ മധുസൂദനന്‍ പറഞ്ഞു

ശശികലയെ കൂടാതെ ടി ടി വി ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ഡോ വെങ്കിടേഷിനെ പാര്‍യില്‍ നിന്നും പുറത്താക്കി. പാര്‍ടി മുന്‍ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനനാണ് ഇവരെ നീക്കികൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കിയത്.

ജയലളിതയുടെ വിശ്വസ്തനായ നേതാവായിരുന്നു മധുസൂദനന്‍. ഇ മധുസൂദനനെ ശശികല പാര്‍ടിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാളെ വിശ്വാസവോട്ടു തേടും. മൈലാപ്പൂര്‍ എം.എല്‍.എ വി.നടരാജന്‍ പളനിസാമിയെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി. ഇതോടെ പനീര്‍ശെല്‍വം പക്ഷത്ത് പതിനൊന്നു പേരായി . നടരാജ് മുന്‍ ഡിജിപിയാണ്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയാലും പളനിസാമിക്കെതിരെ വോട്ടുചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കൂവത്തൂരിലുള്ള എംഎല്‍എമാരെല്ലാം പളനിസാമിക്കു പിന്തുണ നല്‍കുമെന്നുതന്നെയാണു പ്രതീക്ഷ. ഇന്നു ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കാണാന്‍ പളനിസാമി പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റി. കൂവത്തൂരിലെത്തി ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ തങ്ങുന്ന എംഎല്‍എമാരെ കാണാനാണു പളനിസാമി ബംഗളുരു യാത്ര റദ്ദാക്കിയത്.

അതിനിടെ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ഡിഎംകെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് വിപ്പ് നല്‍കി. ഭരണ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ശശികല ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു വിപ്പ് നല്‍കിയിരിക്കുന്നത്.

Top