സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 133 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍ കെ ദേശീയ റെക്കോര്‍ഡ് മറികടന്നു. വടവന്നൂര്‍ വിഎംഎച്ച്എസിലെ വിദ്യാര്‍ത്ഥിയാണ് കിരണ്‍. 13.84 സെക്കന്‍ഡു കൊണ്ടാണ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിരണ്‍ ദേശീയ റെക്കോര്‍ഡ് മറികടന്നത്.

നാല് ദിവസത്തെ കായികമേള നാളെ അവസാനിക്കും. ഒരു ദിവസം അവശേഷിക്കെ ഹാട്രിക് കിരീടമെന്ന ലക്ഷ്യത്തിലേക്ക് പാലക്കാട് അടുക്കുകയാണ്.പാലക്കാട് ഇതുവരെ 133 പോയിന്റ് സ്വന്തമാക്കി. 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് മലപ്പുറവും 61 പോയിന്റ് നേടിയ എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. 44 പോയിന്റുള്ള കോഴിക്കോട് നാലാം സ്ഥാനത്താണ്. സ്‌കൂള്‍ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളും കോതമംഗലം മാര്‍ ബേസിലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

 

 

 

Top