കാറിടിച്ച് പരിക്കേറ്റ 12കാരനെ ആശുപത്രി മധ്യേ വഴിയില്‍ തള്ളി; കുട്ടിക്ക് ദാരുണാന്ത്യം

ചിറ്റൂര്‍ : കാറിടിച്ച് പരിക്കേറ്റ കുട്ടിയെ വഴിയില്‍ തളളി മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചു. നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു മരിച്ചത്.

കാറിടിച്ച് വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷികാകനായില്ല. ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ഇറക്കിവിട്ടതെന്ന് സൂചനയുണ്ട്.

ഇന്നലെ വൈകിട്ടു നാലരയോടെ കൈതക്കുഴിക്കു സമീപം കളിക്കാനായി കൂട്ടുകാരുടെ അടുത്തേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു സമീപമുള്ളവര്‍ പറഞ്ഞു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ അതേ കാറില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയര്‍ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും കൂടെയുണ്ടായിരുന്ന ആളേയും ഇറക്കി വിടുകയായിരുന്നു വെന്ന് കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ആള്‍ പറയുന്നു.

6 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ പറഞ്ഞെങ്കിലും കാറുകാരന്‍ അത് ചെവിക്കൊള്ളാതെ അരകിലോമീറ്റര്‍ ദൂരത്തേക്ക് പോവുകയായിരുന്നു. ഇതിനിടിലാണ് കാര്‍ പഞ്ചറായി എന്ന് പറഞ്ഞ് ഇവരെ കാറില്‍ നിന്ന് ഇറക്കി വിട്ടത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാന്‍ കൈകാണിച്ചു നിര്‍ത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു കൂടെയുണ്ടായിരുന്ന വ്യക്തി പറഞ്ഞു.

മലപ്പുറം റജിസ്‌ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നും നമ്പര്‍ കിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.അമ്മ: രാധ. സഹോദരന്‍: സൂരജ്. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞതായും ടയര്‍ പഞ്ചറായതുകൊണ്ടുതന്നെയാണ് വഴിയില്‍ ഇറക്കിയതെന്ന് അവര്‍ പറഞ്ഞതായും കസബ എസ്‌ഐ വിപിന്‍ കെ. വേണുഗോപാല്‍ അറിയിച്ചു. കാര്‍ ഇന്ന് സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.

Top