65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം

കുന്നംകുളം: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 266 പോയന്റോടെയാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. പാലക്കാടിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.

സ്‌കൂളുകളില്‍ 57 പോയന്റുമായി മലപ്പുറം കടകശ്ശേരി ഐഡിയല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമാണ് ഐഡിയലിലെ താരങ്ങള്‍ സ്വന്തമാക്കിയത്. 46 പോയന്റുമായി കോതമംഗലം മാര്‍ബേസില്‍ രണ്ടാമത്തെത്തി. മാര്‍ ബേസിലിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഐഡിയല്‍ ഒന്നാമതെത്തിയത്.

തുടക്കം മുതല്‍ മറ്റ് ജില്ലകളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കുതിച്ചത്. 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലും നേടിയാണ് പാലക്കാട് കപ്പുയര്‍ത്തിയത്. 13 സ്വര്‍ണവും 12 വെള്ളിയും 20 വെങ്കലവുമായി 168 പോയന്റോടെ മലപ്പുറം രണ്ടാം സ്ഥാനം നേടി. കോഴിക്കോട് മൂന്നാം സ്ഥാനവും എറണാകുളം നാലാം സ്ഥാനവും സ്വന്തമാക്കി.

 

Top