പാലക്കാട് കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതെന്ന് സ്ഥിരീകരണം; പ്രതി റിമാൻഡിൽ

പാലക്കാട് : വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. പുതുശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേകുന്നം ഷിജിത്ത് (22) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. കാട്ടുപന്നിയെ കുടുക്കാനായി വച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റാണ് ഇവർ മരിച്ചതെന്നാണു നിഗമനം. സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടിൽ ജെ.ആനന്ദ് കുമാറിനെ (52) പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ വയലിൽ നിന്ന് ഇന്നലെ രാവിലെ 8.45ന് ആർഡിഒയുടെ സാന്നിധ്യത്തിലാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. ഷോക്കേറ്റ സ്ഥലത്തിനു 10 മീറ്റർ അകലെ, 70 സെന്റിമീറ്റർ മാത്രം ആഴത്തിൽ കുഴികുത്തി രണ്ടു പേരുടെയും മൃതദേഹങ്ങൾ ഒന്നിനു മുകളിൽ ഒന്നായി, ഒരാളുടെ കാലിനു മുകളിൽ മറ്റേയാളുടെ തലവരുന്ന രീതിയിലാണു കുഴിച്ചിട്ടിരുന്നത്. ചതുപ്പു നിലമായതിനാൽ ആഴം കുറഞ്ഞ കുഴിയെടുത്തു 2 മൃതദേഹങ്ങളും ചവിട്ടിത്താഴ്ത്തിയതാണെന്ന നിഗമനത്തിലാണു പൊലീസ്. മൃതദേഹങ്ങൾ നഗ്നമാക്കി വയറു കീറിയിരുന്നു. പൊങ്ങി വരാതിരിക്കാനും വേഗം മണ്ണിൽ അഴുകിച്ചേരാനുമാണ് ഇങ്ങനെ ചെയ്തതെന്നു പ്രതി പൊലീസിനോടു പറഞ്ഞു.

കുഴൽക്കിണറിൽ നിന്നു കൃഷിയിടത്തിലേക്കു വെള്ളമെത്തിക്കുന്ന പിവിസി പൈപ്പിനുള്ളിലൂടെ വയർ വലിച്ചാണു വയലിലേക്കു വൈദ്യുതിയെത്തിച്ചിരുന്നത്. ഇതു പിന്നീട് ഇരുമ്പു നൂൽക്കമ്പിയുമായി ബന്ധിപ്പിച്ചാണു കെണി വച്ചത്. എസി മെക്കാനിക് ആയതിനാൽ ആനന്ദിന് ഇലക്ട്രിക് പണികളും അറിയാം. മരിച്ച യുവാക്കളുടെ വസ്ത്രങ്ങളും ചെരുപ്പും ഒരു മൊബൈൽ ഫോണും വൈദ്യുതക്കെണിക്കായി ഉപയോഗിച്ച കമ്പികളും സമീപമുള്ള കനാലിൽ നിന്നു തെളിവെടുപ്പിനിടെ കണ്ടെത്തി.

ഞായർ രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇതോടെ ഇവർ 4 പേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തി. പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ഇവർ തിങ്കളാഴ്ച പുലർച്ചെ പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്.

സതീഷിനെയും ഷിജിത്തിനെയും കാണാതായതോടെ അഭിനും അഭിജിത്തും പൊലീസിൽ കീഴടങ്ങി. ഇവരെ കാണാനില്ലെന്നു ചൊവ്വാഴ്ച ബന്ധുക്കൾ കസബ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിൽ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടു. തുടർന്നു പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്.

തിങ്കളാഴ്ച രാവിലെത്തന്നെ മൃതദേഹങ്ങൾ കണ്ട ആനന്ദ് അന്നു രാത്രി അവ മറവു ചെയ്തെന്നാണു പൊലീസിനോടു പറഞ്ഞത്. പ്രതിക്കെതിരെ നരഹത്യ, തെളിവു നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സതീഷിന്റെയും ഷിജിത്തിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു.

തെക്കേകുന്നം സ്വദേശി മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകനായ ഷിജിത്ത് പെയിന്റിങ് തൊഴിലാളിയാണ്. സഹോദരങ്ങൾ: രഞ്ജിത്, ശ്രീജിത്. കാളാണ്ടിത്തറയിൽ കൃഷ്ണകുമാരിയുടെയും പരേതനായ മാണിക്കന്റെയും മകനാണു കൂലിപ്പണിക്കാരനും പെയിന്റിങ് തൊഴിലാളിയുമായ സതീഷ്. സഹോദരി ദീപ.

Top