palakkad tharroor seat in congress

പലക്കാട്: തരൂരില്‍ ജേക്കബ് വിഭാഗവും കോണ്‍ഗ്രസുമായി ധരണയിലെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കട്ടേയെന്ന ജേക്കബ് വിഭാഗം. ജേക്കബ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. മുഖ്യമന്ത്രിയും ജേക്കബ് വിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ധാരണയിലെത്തിയതെന്ന് സൂചന

കുഴല്‍ മന്ദം പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സീറ്റ് ഏറ്റെടുത്തുവെന്ന് വി എം സുധീരന്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രകാശ് പ്രചരണത്തില്‍ സജീവമായി. ജേക്കബ് വിഭാഗവുമായി പാലക്കാട് ഡിസിസി പരസ്യമായ ഏറ്റുമുട്ടല്‍ നടത്തുകയും ചെയ്തു. തരൂരില്‍ തങ്ങള്‍ തന്നെ മത്സരിക്കുമെന്നും കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതൃത്വം പറയുന്നത്. ജില്ലാ ഘടകം ഇന്ന് ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ജേക്കബ് ഗ്രൂപ്പിന്റെ കെ പി അനില്‍കുമാറായിരിക്കും സ്ഥാനാര്‍ഥി. വൈകുന്നേരത്തോടെ പ്രചാരണത്തില്‍ സജീവമാകാനും തീരുമാനമുണ്ട്. ജേക്കബ് ഗ്രൂപ്പിന് നിര്‍ത്താന്‍ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി പോലുമില്ല എന്നാണ് പാലക്കാട് ഡിസിസിയുടെ വാദം.

തരൂര്‍ ഏറ്റെടുക്കുമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ജേക്കബ് ഗ്രൂപ്പ് ജില്ലാ ഘടകം സ്ഥാനാര്‍ഥിയുടെ പേര് വിവരങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരുമെന്ന ഭയം കൊണ്ടാണ് നേരത്തെ സീറ്റ് വേണ്ട എന്ന് പറഞ്ഞതെന്നും തരൂര്‍ ഒരു കാരണവശാലും വിട്ടു കൊടുക്കില്ല എന്നും നേതൃത്വം പറയുന്നു.

Top