പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; അറുപത് ലക്ഷം രൂപ പിടികൂടി

പാലക്കാട്: ജില്ലയില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന അറുപത് ലക്ഷം രൂപ പിടികൂടി. ബൈക്കില്‍ പെട്രോള്‍ ടാങ്കിനടുത്ത് പ്രത്യേകം നിര്‍മിച്ച രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

രാവിലെ ഏഴരയോടെയാണ് കുഴല്‍പ്പണം പിടികൂടുന്നത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് യാസീനെ (27) കസ്റ്റഡിയിലെടുത്തു. ഇതിനു മുമ്പും ഇത്തരത്തില്‍ പണം കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പാലക്കാട് എക്സൈസ് കമ്മീഷണര്‍ ഷാജി എസ് രാജന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എ രമേശിന്റെ കീഴില്‍ പുതുതായി രൂപീകരിച്ച എഇസി സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ പ്രശോഭിന്റെ നേതൃത്വത്തില്‍ പാലക്കാട് ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ആഴ്ചയില്‍ രണ്ട് തവണ ഈ രീതിയില്‍ കുഴല്‍ പണം കടത്താറുണ്ടെന്നാണ് പ്രതി നല്‍കിയ മൊഴി. പ്രതിയെയും തൊണ്ടി മുതലായ കാശും, പണം കടത്താന്‍ ഉപയോഗിച്ച ബൈക്കും തുടര്‍ നടപടികള്‍ക്കായി വാളയാര്‍ പൊലീസിന് കൈമാറി. എഇസി സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ജയപ്രകാശ് എ,വേണുകുമാര്‍ ആര്‍, മന്‍സൂര്‍ അലി എസ്(ഗ്രേഡ്), സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷൈബു ബി, ജ്ഞാനകുമാര്‍ കെ, അനില്‍കുമാര്‍ ടി എസ്, അഭിലാഷ് കെ,അഷറഫലി എം,ബിജു എ ഡ്രൈവര്‍മാരായ ലൂക്കോസ്, കെ.ജെ കൃഷ്ണകുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

 

Top