അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട് : പ്രസവത്തിനിടെ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാലക്കാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മരണകാരണമായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. വാക്യം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റി. രാവിലെയാണ് ഐശ്വര്യ മരിച്ചത്. ഇവരുടെ നവജാത ശിശു ഇന്നലെയും മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.

Top