പാലക്കാട്ട് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ അറസ്റ്റില്‍

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ. ഡോക്ടർമാരായ അജിത്ത്, നിള, പ്രിയദർശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ചികിത്സാ പിഴവുണ്ടായെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. അടുത്തടുത്ത ദിവസങ്ങങളിലായിരുന്നു രണ്ട് മരണവും. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാരിൽ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. നവജാത ശിശു പിറ്റേ ദിവസമാണ് മരിച്ചത്.

മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ!ർത്താവ് ആരോപിച്ചിരുന്നു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രാവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.

Top