റീപോസ്റ്റ് മോര്‍ട്ടം നടത്തണം; മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍. മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കൊല്ലപ്പെട്ട കാര്‍ത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണ് മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഇന്‍ക്വസ്റ്റിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് മൃതദേഹം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നു പൊലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ലെന്നും കൊല്ലപ്പെട്ട മാവോവാദി കാര്‍ത്തിക്കിന്റെ അമ്മ മീനയും സഹോദരി വാസന്തിയും മാധ്യമങ്ങളോടു പറഞ്ഞു.

റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു ഇവര്‍ കലക്ടര്‍ക്കു പരാതി നല്‍കി. നടപടി ക്രമങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാര്‍ത്തി, മണിവാസകം, അരവിന്ദ്, രമ എന്നിവരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഇവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്.രമയുടെ മൃതദേഹത്തില്‍നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു. തലയില്‍ ഉള്‍പ്പെടെ ഇവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്.രമയുടേയും കാര്‍ത്തിയുടേയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

Top