പാലക്കാട് ഇരട്ടക്കൊലപാതകം: ഇന്ന് സർവ്വകക്ഷി യോഗം, ജില്ലയിൽ നിരോധനാജ്ഞ തുടരും

പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോ​ഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പോപ്പുലർ ഫ്രണ്ട് യോഗത്തതിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ക്രമസമാധാന നില പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സർവ്വകക്ഷി യോഗം വിളിച്ച് സംഘർഷത്തിന് അയവ് വരുത്താനുള്ള സർക്കാർ നീക്കം.

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റിലാണ് യോഗം. ജില്ലയിൽ 144 പ്രഖ്യാപിച്ചതിന് പിറമേ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണവും ഏർപെടുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലർ ഫ്രണ്ട് , ആർ.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം.

ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രണ്ട് രാഷ്ട്രീയകൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ഏപ്രിൽ 20ന് വൈകീട്ട് ആറ് വരെയാണ് പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.

Top