പാലക്കാട് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്ക്

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂര്‍ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേര്‍ക്കും ഉള്‍പ്പെടെയാണ് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. കൂടാതെ ജില്ലയില്‍ ഇന്ന് 72 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

സൗദിയില്‍ നിന്നും എത്തിയ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ജാര്‍ഖണ്ഡില്‍ നിന്നും വന്ന് എലപ്പുള്ളി ലേബര്‍ ക്യാമ്പില്‍ കഴിയവേ ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 14 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇതില്‍ ഏഴു പേരുടെ ഫലം നെഗറ്റീവ് ആയി ഇന്ന് ലഭ്യമായിട്ടുണ്ട്. ബാക്കി ഏഴുപേരുടെ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വെസ്റ്റ് ബംഗാളില്‍ നിന്നും വന്ന് പെരുമാട്ടി ക്യാമ്പില്‍ കഴിയവേ രോഗം സ്ഥിരീകരിച്ച 17 അതിഥി തൊഴിലാളികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 43 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇതില്‍ എട്ടു പേരുടെ ഫലം നെഗറ്റീവ് ആയി ഇന്ന് ലഭ്യമായിട്ടുണ്ട്. ബാക്കി 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 217 ആയി.

Top