പാലക്കാട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പിന്നാലെപാലക്കാട് ജില്ലയിലും കൊവിഡ് രോഗിയുടെ മൃതദേഹം മാറി പോയി. കരുണ മെഡിക്കല്‍ കോളേജിലാണ് മൃതദേഹം മാറി പോയത്. ഇന്നലെ രാത്രി മരിച്ച രണ്ട് കൊവിഡ് രോഗികളുടെ മൃതദേഹമാണ് മാറിയത്.
മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂര്‍ സ്വദേശിയുടെ മൃതദേഹം നല്‍കുകയായിരുന്നു. ആശുപത്രി അധികൃതര്‍ തെറ്റ് സമ്മതിച്ചു. മോര്‍ച്ചറി ജീവനക്കാരന് പറ്റിയ തെറ്റെന്ന് ആശുപത്രിയുടെ വിശദീകരണം. പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് നേരത്തെ മാറി പോയത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്ക്കുന്നത്.
ശനിയാഴ്ച ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രസാദ് മരിച്ചത്. കൊവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് മാറിയെന്ന് തിരിച്ചറിഞ്ഞത്.
പ്രസാദെന്ന പേരില്‍ രണ്ട് മൃതദേഹം മോര്‍ച്ചറിയിലുണ്ടായതാണ് പ്രശ്നമായത്. വെള്ളായണി സ്വദേശിയായ അറുപതുകാരന് പ്രസാദിന്റെ കുടുംബം നാല്‍പ്പത്തിയേഴുകാരനായ പ്രസാദിന്റെ മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചു.